പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; അക്രമങ്ങളില്‍ നഷ്ടപരിഹാര തുക കെട്ടിവച്ചാലേ ജാമ്യം നല്‍കാവൂ എന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ നഷ്ടപരിഹാര തുക കെട്ടിവച്ചാലേ ജാമ്യം നല്‍കാവൂ എന്ന് ഹൈക്കോടതി. മജിസ്‌ട്രേറ്റ് കോടതികള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അല്ലാത്തപക്ഷം സ്വത്തുക്കള്‍ കണ്ടുകെട്ടല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാം. ഇതു സംബന്ധിച്ച് ഉത്തരവിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍. അഞ്ച് കോടി ആറ് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നും അത് പി.എഫ്.ഐയില്‍ നിന്നും ഈടാക്കി നല്‍കണമെന്നുമായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഹര്‍ത്താലില്‍ 58 ബസുകള്‍ തകര്‍ത്തു. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്. അത്തരമൊരു സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്രയേറെ ബസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നതെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി.

കേടുപാടുകള്‍ സംഭവിച്ച ബസുകളുടെ അറ്റകുറ്റപ്പണിക്കായി ഗണ്യമായ തുക വേണ്ടിവരും. അറ്റകുറ്റപ്പണി സമയത്ത് നിരവധി സര്‍വീസുകള്‍ മുടങ്ങും. ഇതൊക്കെ കണക്കാക്കുമ്പോള്‍ കോര്‍പറേഷന് വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് നല്‍കാന്‍ ഉത്തരവിടണം എന്നായിരുന്നു കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഇത് പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറിയായിരുന്ന എ അബ്ദുല്‍ സത്താറിനെ എല്ലാ കേസുകളിലും പ്രതിയാക്കാനും നിര്‍ദേശമുണ്ട്.