സ്‌കൂളില്‍ ബീഫ് കൊണ്ടുവന്നു; അസമില്‍ അധ്യാപിക അറസ്റ്റില്‍

സ്‌കൂളിലേക്ക് ബീഫ് കൊണ്ടുവന്ന അധ്യാപികയെ അറസ്റ്റ് ചെയ്ത് പൊലീസ്. പടിഞ്ഞാറന്‍ അസമിലെ ഗോല്‍പാറ ജില്ലയില ഹര്‍കാച്ചുംഗി മിഡില്‍ ഇംഗ്ലീഷ് സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക ദാലിമ നെസ്സയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മേയ് 14നാണ് അറസ്റ്റിനാസ്പദമായ സംഭവം നടക്കുന്നത്. സ്‌കൂളില്‍വച്ച് നടന്ന ഔദ്യോഗിക ചടങ്ങില്‍ ഉച്ചഭക്ഷണത്തിനായി ബീഫ് കൊണ്ടുവന്നുവെന്ന സഹപ്രവര്‍ത്തകയുടെ പരാതിയെത്തുടര്‍ന്നാണ് ദാലിമയെ പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപികയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഐ.പി.സി സെക്ഷന്‍ 153 എ, 295 എ എന്നിവയാണ് അധ്യാപികക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. അസമില്‍ ഗോമാംസത്തിന് നിരോധനമില്ല. എന്നാല്‍ 2021-ല്‍ പാസാക്കിയ കന്നുകാലി സംരക്ഷണ നിയമ പ്രകാരം കന്നുകാലികളെ കടത്തുന്നതിനും ഹിന്ദു, സിഖ്, ജൈന വിഭാഗങ്ങളിലെ ബീഫ് കഴിക്കാത്തവര്‍ക്കിടയില്‍ മാംസം വില്‍ക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.