ആസിഫ് അലി, ടൊവിനോ തോമസ്, ആന്റണി വർഗീസ് എന്നിവർ പങ്കുവെച്ചൊരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാൽ ഈ വീഡിയോയ്ക്കെതിരെ നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം രംഗത്തെത്തി.സിനിമയിൽ പവർ ഗ്രൂപ്പ് എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ ഉദാഹരണമാണിതെന്നണ് ഷീലു ഫേസ്ബുക്കിൽ കുറിച്ചത്.ഇപ്പോഴിതാ ഈ വിവാദങ്ങളോട് പ്രതികരിക്കുകയാണ് ആസിഫ് അലി. എന്തുകൊണ്ടാണ് അത്തരമൊരു വീഡിയോ പങ്കുവെച്ചതെന്ന് താരം വിശദമാക്കി. ‘ഞങ്ങൾ മൂന്ന് പേരും ഒരേ പ്രായക്കാരാണ്. ഞങ്ങളുടെ സിനിമ ഈ ഓണത്തിന് റിലീസ് ആകുന്നതിനെ കുറിച്ചെല്ലാം മുൻപ് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. മലയാള സിനിമയെ സംബന്ധിച്ച് ഗംഭീരമൊരു കിക്ക് സ്റ്റാർട്ട് കിട്ടിയൊരു വർഷമായിരുന്നു 2024. ഒരുപാട് നല്ല സിനിമകൾ വന്നു, തീയറ്റേഴ്സ് വീണ്ടും സജീവമായി. അങ്ങനെ നിൽക്കുന്നൊരു അവസരത്തിൽ നമ്മൾ പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും വരുന്നു. അതിന്റെ നെഗറ്റിവിറ്റി സിനിമയെ മൊത്തം ബാധിക്കുന്നു. ഇതൊക്കെ തീയറ്ററുകളെ ബാധിക്കുമോയെന്ന് അറിയില്ല. സിനിമയെ സംബന്ധിച്ച് മറ്റ് മേഖലകൾ പോലെ തന്നെ ഓണം പ്രധാന സീസൺ ആണ്. ആ സീസൺ സജീവമാകണമെന്നൊരു ആഗ്രഹം മാത്രമാണ് ഞങ്ങൾക്കുണ്ടായത്.
ബാക്കിയുള്ള സിനിമകളെ മെൻഷൻ ചെയ്തില്ലെന്നത് തെറ്റായി എന്ന് ഞങ്ങൾക്ക് മനസിലായി.പക്ഷെ ഞങ്ങളുടെ ഇനീഷ്യേറ്റീവ് പോസിറ്റീവായിരുന്നു. നെഗറ്റീവ് ആങ്കിളിലേക്ക് ഇതൊക്കെ പോകുമെന്ന് പ്രതീക്ഷിച്ചിട്ടില്ല. പിന്നെ ഏത് സിനിമ കാണണം എന്നതൊക്കെ ആളുകളുടെ ചോയ്സ് ആണ്. മാർക്കറ്റ് ചെയ്യാനെ നമ്മുക്ക് സാധിക്കുകയുള്ളൂ. പേര് പറഞ്ഞില്ലെന്നത് കൊണ്ട് ആ സിനിമയെ ബാധിക്കാൻ പോകുന്നില്ല. വിട്ടുപോയെന്നത് വിഷമം ഉണ്ടാക്കി. പക്ഷെ അതിന് പിന്നിൽ നടന്ന കഥ ഇതല്ല, അതൊരു പവർ ഗ്രൂപ്പല്ല. മൗത്ത് പബ്ലിസിറ്റിയിലൂടെ വലിയ അഭിപ്രായം നേടിയ പല സിനിമകളും ഉണ്ടായിട്ടുണ്ട്. നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ പോയി കാണും. അത് നമ്മുടെ പ്രേക്ഷകരുടെ പ്രത്യേകതയാണ്’,അതേസമയം തന്റെ ഫേസ്ബുക്ക് കുറിപ്പ് മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് വിവാദമായതോടെ ഷീലു പ്രതികരിച്ചത്. എന്റെ സങ്കടമാണ് പറഞ്ഞത്, മറ്റൊരു വളച്ചൊടിക്കലിന്റേയും ആവശ്യമില്ല എന്നുമായിരുന്നു ഷീലുവിന്റെ വിശദീകരണം. നടിയുടെ ആദ്യ കുറിപ്പ് ഇങ്ങനെ-‘ പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ …’പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വിഡിയോയിൽ, നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.