അരിക്കൊമ്പന്‍ കുമളിക്ക് അടുത്തെത്തി; ആകാശദൂരത്തില്‍ കുമളിക്ക് 6 കി.മീ. അടുത്ത്

കുമളി: ചിന്നക്കനാലില്‍ നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍, കുമളിക്ക് സമീപം വരെ എത്തിയതായി റിപ്പോര്‍ട്ട്.
ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയെന്നാണ് വിവരം.

ഇന്നലെ വനം വകുപ്പാണ് ഈ വിവരം അറിയിക്കുന്നത്. അരിക്കൊമ്പന്‍ ഇന്നലെ കുമിളിക്കു സമീപം എത്തിയെന്നാണ് ജിപിഎസ് കോളറില്‍ നിന്നുള്ള വിവരങ്ങള്‍ വച്ച് വനംവകുപ്പ് അറിയിച്ചത്. തുടര്‍ന്ന് ആനയെ ഇറക്കിവിട്ട മേദകാനം ഭാഗത്തേക്കു മടങ്ങിയെന്നാണ് വിവരം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.

ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റര്‍ അടുത്താണ് അരിക്കൊമ്പന്‍, എന്നാല്‍ പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് എത്തുക അത്ര എളുപ്പമല്ലെന്നാണ് വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.

മാത്രമല്ല, തമിഴ്‌നാടിന്റെ വനമേഖലയില്‍ ഉള്‍പ്പെടെ അരിക്കൊമ്പന്‍ ഇതിനകം യാത്ര ചെയ്‌തെങ്കിലും ചിന്നക്കനാലിലേക്കു മടങ്ങുന്നതിന്റെ യാതൊരു സൂചനയും ലഭ്യമല്ലെന്നും വനംവകുപ്പ് വിശദീകരിക്കുന്നു.

അതേസമയം ആറു ദിവസം മുന്‍പാണ് ആന തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിന്റെ വനമേഖലയില്‍ പ്രവേശിച്ചത്. വനപാലകര്‍ക്കുവേണ്ടി നിര്‍മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പന്‍ തകര്‍ത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.

അതേസമയം ആന പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ആറു ദിവസം കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല.

അതിനാല്‍ അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയില്‍ വിനോദസഞ്ചാരികള്‍ക്ക് തമിഴ്‌നാട് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല.