മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഷൈലോക്ക് തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പക്ക മാസ് എന്റര്‍ടെയ്‌നറായി എത്തിയ സിനിമയ്ക്ക് മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത്. മാസ്റ്റര്‍പീസ്, രാജാധിരാജ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂക്കയെ നായകനാക്കി ഒരുക്കിയ ചിത്രം കൂടിയാണ് ഷൈലോക്ക്. വമ്പന്‍ റിലീസായിട്ടാണ് സിനിമ ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയത്.
ഷെെലോക്ക് കണ്ട മമ്മൂട്ടിയുടെ ആരാധിക കൂടിയായ അനു സിത്താര കുറിച്ച കാര്യങ്ങള്‍ വൈറലായിരുന്നു. ഷൈലോക്ക് മെഗാ മാസ് അനുഭവമാണ് സമ്മാനിച്ചതെന്നായിരുന്നു അനു സിത്താര തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ന്യൂ ജനറേഷന്‍ ആയാലും ഓള്‍ഡ് ജനറേഷന്‍ ആയാലും ബോസ് ഹീറോ ആഡാ എന്നും അനു സിത്താര മമ്മൂക്കയെ പ്രശംസിച്ചുകൊണ്ട് കുറിച്ചു. ഷൈലോക്കിന്റെ ആദ്യ ഷോ കാണാനായി അനു സിത്താരയും എത്തിയിരുന്നു.
ഷൈലോക്കിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ അവസാനിച്ചതോടെ മികച്ച അഭിപ്രായങ്ങളാണ് സിനിമയെക്കുറിച്ച് വരുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ ഒരുക്കിയ പാട്ടുകളും ഷൈലോക്കിന്റെതായി തരംഗമായി മാറിയിരുന്നു. ആരാധകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേപോലെ ആഘോഷിച്ചു കാണാവുന്ന സിനിമയാണ് ഷൈലോക്കെന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്.