തൃശൂരില്‍ ആന്ത്രാക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. അതിരപ്പിള്ളി പഞ്ചായത്തിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന് നല്‍കും. ആന്ത്രാക്സ് ബാധിച്ച പന്നികളെ മറവ് ചെയ്തവര്‍ക്ക് ചികിത്സ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
അതിരപ്പള്ളി പഞ്ചായത്തിലെ മലയോര മേഖലയിലെ കാട്ടു പന്നികളിലാണ് ആന്ത്രാക്സ് രോഗബാധ സ്ഥിരീകരിച്ചത്. അതിരപ്പള്ളി വന മേഖലയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് കാട്ടുപന്നികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്ന് ബാസിലസ് ആന്ത്രാസിസ് മൂലമുള്ള രോഗബാധയാണെന്ന് സ്ഥിരീകരിച്ചു. സ്ഥലത്തെ ചത്ത പന്നികളുടെ മൃതശരീരം നീക്കം ചെയ്യാനായി പോയ ആളുകള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ആവശ്യമായ പ്രതിരോധ ചികിത്സയും നല്കി വരുന്നു. കാട്ടുപന്നികള്‍ ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ആ സ്ഥലങ്ങളില്‍ ആളുകള്‍ പോകാതിരിക്കാനും അവയുടെ മൃതശരീരങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃശൂര്‍ ജില്ലയില്‍ അവലോകന യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മൃഗങ്ങളില്‍ വാക്സിനേഷന് ആരംഭിക്കാനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്.