ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കാന്‍ അവതാരക; ഹര്‍ജിയില്‍ ഒപ്പിട്ടു

നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ ചാനല്‍ അവതാരക. പരാതി പിന്‍വലിക്കാന്‍ അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ ഇവര്‍ ഒപ്പിട്ടു.

ഓണ്‍ലൈന്‍ ചാനല്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂവിനിടെയാണ് സംഭവം നടന്നത്. ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞുവെന്നാണ് അവതാരക നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് അവതാരക പൊലീസില്‍ പരാതി നല്‍കിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും അവതാരക പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തത്.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അവതാരകയുടെ പരാതിയില്‍ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. പിന്നാലെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് ശ്രീനാഥ് ഭാസിയെ വിലക്കിയിരുന്നു.