സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് വിശ്രമത്തിലാണ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്.
അപകടത്തില്‍ താരത്തിന്റെ വലതുഭാഗത്തെ വാരിയെല്ല് പൊട്ടിയിരുന്നു. പേശികള്‍ക്കും സാരമായ പരുക്കുണ്ട്. ഹൈദരാബാദില്‍ പ്രഭാസ് നായകനാകുന്ന ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.
നിലവില്‍ വിശ്രമത്തിലാണ് താരം. ഇപ്പോഴിത ഈ വേദനയ്ക്കു പിന്നാലെയാണ് കാലിലെ പ്രശ്നവും ബുദ്ധിമുട്ടിക്കുന്നു എന്ന് അറിയിക്കുകയാണ് ബിഗ് ബി. ബ്ലോഗിലൂടെയാണ് തന്റെ ആരോഗ്യ വിവരം താരം അറിയിച്ചത്.
വാരിയെല്ല് അതിന്റെ വേദനാജനകമായ യാത്ര തുടരുകയാണ്. കാലിലുണ്ടായ വേദന വലിയ പ്രശ്നമുണ്ടാക്കുകയും വാരിയെല്ലിനെക്കാള്‍ വേദനിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ വാരിയെല്ലിലെ വേദന കുറയുന്നു. ശ്രദ്ധ കാലിലേക്കെത്തുന്നു. വേദന കൂടുമ്പോള്‍ ചൂടുവെള്ളത്തില്‍ വെച്ചിട്ടും ആ വേദന മാറുന്നില്ല’ -അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.
അതേസമയം ബച്ചന് സുഖം പ്രാപിക്കുന്നത് വരെ പ്രോജക്ട് കെ യില്‍ അദ്ദേഹം അഭിനയിക്കേണ്ട രംഗങ്ങള്‍ മാറ്റി വച്ചിരിക്കുകയാണ്. അതേസമയം ദീപിക പദുക്കോണ്‍, പ്രഭാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ.
ഏതാനുംദിവസം മുന്‍പാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അമിതാഭ് ബച്ചന് ഹൈദരാബാദില്‍ എത്തിയത്. ഷൂട്ടിങ് പുരോഗമിക്കവേ കഴിഞ്ഞ ദിവസമാണ് താരത്തിന് അപകടം സംഭവിച്ചത്.
നാഗ് അശ്വിന് സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണ് പ്രോജക്ട് കെ. 2024 ജനുവരി 12നാണ് തിയറ്ററുകളില്‍ എത്തുക. മൂന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള സംഭവമാണ് ചിത്രത്തിന് പ്രമേയമാകുന്നത്.