ടിനി ടോമിന്റെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നു; നടനെ പിന്തുണച്ച് എഎം ആരിഫ് എംപി

സിനിമയില്‍ ലഹരിയുണ്ടെന്നും അതിനാല്‍ തന്റെ മകനെ സിനിമയിലേക്ക് അയക്കാന്‍ ഭയമാണ് എന്നും നടന്‍ ടിനി ടോം പറഞ്ഞിരുന്നു. കേരള സര്‍വകലാശാല യുവജനോത്സവ വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു ടിനി ടോമിന്റെ വാക്കുകള്‍.

എന്നാല്‍ ടിനി ടോമിന്റെ പരാമര്‍ശത്തിന് എതിരെ സിനിമ മേഖലയില്‍ നിന്നും തന്നെ നിരവധി പേര്‍ എത്തിയിരുന്നു. ലഹരി ആരും വായില്‍ കുത്തിക്കേറ്റി കൊടുക്കില്ല, മകന് ബോധം ഉണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ലെന്നും ടിനി ടോമിന് മറുപടിയായി ധ്യാന്‍ പറഞ്ഞിരുന്നു.

മകന്‍ വഴി തെറ്റുമെന്ന് ഭയമുണ്ടെങ്കില്‍ കുട്ടിയെ സ്‌കൂളില്‍ അയക്കാനും ഭയക്കണം, കാരണം സ്‌കൂളിലും ലഹരിയുണ്ടെന്ന് സംവിധായകന്‍ രഞ്ജന്‍ പ്രമോദും പറഞ്ഞിരുന്നു. ലഹരി ഉപയോഗത്തെ അല്ല ദുരുപയോഗത്തെയാണ് തടയേണ്ടതെന്നും രഞ്ജന്‍ പ്രമോദ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇപ്പോഴിത ടിനി ടോം പറഞ്ഞതിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് എഎം ആരിഫ് എംപി. ഡോക്ടര്‍ വന്ദനയുടെ മരണവുമായി ബന്ധപ്പെടുത്തിയാണ് ടിനി ടോമിന്റെ വാക്കുകളെ ആരിഫ് പിന്തുണച്ചത്.

മാനവരാശിയെ, യുവത തലമുറയെ ഗ്രച്ചിരിക്കുന്ന മയക്കുമരുന്നില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ വേണ്ടിയിട്ടുള്ള ശക്തമായ നിയമ സംവിധാനങ്ങളും ഇടപെടലുകളുമാണ് വേണ്ടത്. സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്.

അതിനുവേണ്ടി ശ്രീ ടിനി ടോം നടത്തിയ ആ ഉജ്ജ്വലമായ പ്രസംഗത്തിന് ഞാന്‍ അദ്ദേഹത്തെ അങ്ങേയറ്റം അഭിനന്ദിക്കുകയാണ് എന്ന് എഎം ആരിഫ് എംപി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എഎം ആരിഫ് എംപിയുടെ പോസ്റ്റ്:

ഡോ.വന്ദനയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഒരു സാമൂഹ്യദ്രോഹി കുത്തിക്കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രശസ്ത ചലച്ചിത്രതാരം ശ്രീ ടിനി ടോം മെയ് 5 ആം തീയതി കേരള സര്‍വകലാശാല യുവജനോത്സവ വേദിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു നടത്തിയ പ്രസംഗം കൂടുതല്‍ പ്രസക്തമാകുന്നു. മയക്കുമരുന്നിന് അടിമപ്പെട്ട് സ്വജീവിതവും മറ്റുള്ളവരുടെ ജീവിതവും തകര്‍ക്കുന്ന തരത്തിലേക്ക് നമ്മുടെ തലമുറയിലെ ഒരു ചെറിയ വിഭാഗം ചെറുപ്പക്കാര്‍ ഉള്‍പ്പെടെ മാറുന്നതിനെ വേദനയോടെയാണ് ശ്രീ ടിനി ടോം അവതരിപ്പിച്ചത്. അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു; താന്‍ ഒരു പുണ്യവാളന്‍ ഒന്നുമല്ല ജീവിതത്തിന്റെ വഴിത്തിരിവില്‍ എവിടെയൊക്കെയോ വഴിപിഴച്ചു പോയിട്ടുണ്ട്’.

പക്ഷേ ‘അതല്ല ജീവിതം; അതല്ല ലഹരി’എന്ന് തിരിച്ചറിഞ്ഞ് തന്റെ ജീവിതത്തില്‍ ഉടനീളം സമൂഹത്തിന്റെ നന്മയ്ക്കായി എങ്ങനെ പ്രവര്‍ത്തിക്കാം എന്നായിരുന്നു ഉപദേശ മാര്‍ഗ്ഗേണ അദ്ദേഹം പ്രസംഗിച്ചത്. സിനിമാരംഗത്തും മറ്റും ഈ മയക്കുമരുന്നിന്റെ സ്വാധീനം ഉണ്ടാവുന്നതിനെച്ചൊല്ലി ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞതിന്റെ തൊട്ടു പിന്നാലെയാണ് ശ്രീ ടിനി ടോം ഇതു പറഞ്ഞത്. ഏതെങ്കിലും ഒരു വ്യക്തിയെയോ സിനിമ മേഖല ആകെയോ അടച്ച് ആക്ഷേപിക്കാനൊന്നുമല്ല അദ്ദേഹം ശ്രമിച്ചത്. മറിച്ച്, മയക്കുമരുന്നിന്റെ ഉപയോഗം ഒരു തലമുറ എങ്ങനെയാണ് ബാധിക്കുന്നത് എന്നായിരുന്നു അദ്ദേഹം ഉദാഹരണം സഹിതം അവിടെ വിശദീകരിച്ചത്.

കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ യുവജനോത്സവം യുവാക്കളുടെ ഉത്സവമാണ്. യുവാക്കളുടെ ലഹരിയായി കലയും സാഹിത്യവും എല്ലാം മാറണം. ‘ലഹരി മരുന്നുകളല്ല ലഹരി എന്ന് യുവതലമുറ തിരിച്ചറിയണം’ എന്ന അദ്ദേഹത്തിന്റെ ഉല്‍ബോധനം ഇവിടെ കുറെ കൂടി പ്രസക്തമാവുകയാണ്. മദ്യപിച്ച് മദോന്മത്തനായ ഒരു ഭ്രാന്തന്‍ മയക്ക് മരുന്നും കൂടി കഴിച്ചപ്പോഴാണ് ഒരു സാധു പെണ്‍കുട്ടിയുടെ, ഒരു മികച്ച ഡോക്ടറുടെ ജീവന്‍ അപഹരിച്ചെടുത്തത്; നിരവധി പേരെ കുത്തി പരിക്കേല്‍പ്പിച്ചത്. അതിനിടയില്‍ അത് വിവാദമാക്കി ‘ക്ഷീരമുള്ള ഒരു അകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം’ എന്നപോലെ കുറ്റവാളികളെ കണ്ടു പിടിക്കാന്‍ നടത്തുന്ന നാണംകെട്ട ചില പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം മാനവരാശിയെ, യുവത തലമുറയെ ഗ്രച്ചിരിക്കുന്ന മയക്കുമരുന്നില്‍ നിന്നും രക്ഷപ്പെടുത്തുവാന്‍ വേണ്ടിയിട്ടുള്ള ശക്തമായ നിയമ സംവിധാനങ്ങളും ഇടപെടലുകളുമാണ് വേണ്ടത്. സമൂഹത്തെ ബോധവല്‍ക്കരിക്കുകയാണ് വേണ്ടത്. അതിനുവേണ്ടി ശ്രീ ടിനി ടോം നടത്തിയ ആ ഉജ്ജ്വലമായ പ്രസംഗത്തിന് ഞാന്‍ അദ്ദേഹത്തെ അങ്ങേയറ്റം അഭിനന്ദിക്കുകയാണ്.