ആരോപണങ്ങളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ അല്ലു അർജുൻ. ഒരുപാട് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു. ഞാൻ നിരുത്തരവാദിത്വത്തോടെ പെരുമാറി എന്ന് പറയുന്നു. ഈ ആരോപണങ്ങൾ തെറ്റാണ്. വ്യക്തിഹത്യയും അപമാനകരവുമാണിത്. ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ മറ്റാരെങ്കിലെയുമോ കുറ്റപ്പെടുത്താൻ ആ ഗ്രഹിക്കുന്നില്ല. സംഭവിച്ചതിൽ താൻ വീണ്ടും മാപ്പ് ചോദിക്കുന്നെന്നും താരം വ്യക്തമാക്കി. 20 വർഷത്തെ അധ്വാനം കൊണ്ടാണ് കരിയറും പ്രതിഛായയുമുണ്ടാക്കിയത്. അത് തകർക്കാൻ ശ്രമിക്കുമ്പോൾ വേദനിക്കുന്നുണ്ടെന്നും അല്ലു അർജുൻ പറഞ്ഞു. പൊലീസ് വഴിയൊരുക്കിയാണ് തിയറ്ററിനകത്തേക്ക് പോയത്. അനുമതിയില്ലെങ്കിൽ തിരിച്ച് പോകുമായിരുന്നു. പൊലീസുകാരാരും എന്നോട് തിരിച്ച് പോകാൻ പറഞ്ഞിട്ടില്ല. നിയന്ത്രിക്കാൻ കഴിയാത്ത ആൾക്കൂട്ടമുള്ളതിനാൽ തിരിച്ച് പോകാൻ പറഞ്ഞത് തന്റെ മാനേജരാണ്. താൻ റോഡ് ഷോ നടത്തിയിട്ടില്ലെന്നും അല്ലു അർജുൻ പറഞ്ഞു.
തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അല്ലു അർജുനെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചെന്നും അവരുടെ മകന് ഗുരുതര പരിക്ക് പറ്റിയെന്നും അറിഞ്ഞിട്ടും അല്ലു അർജുൻ തിയറ്റർ വിട്ട് പോകാൻ തയ്യാറായില്ല, പൊലീസ് ഒരുപാട് പറഞ്ഞ ശേഷമാണ് പോയത്. റോഡ് ഷോ നടത്തി ആരാധകരെ കൈ വീശി കാണിച്ചാണ് അല്ലു അർജുൻ തിയറ്റർ വിട്ട് തിരിച്ച് പോയതെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു. ഇതിന് പിന്നാലെയാണ് അല്ലു അർജുന്റെ പ്രതികരണം.