
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിയില്‍ സംസാരിക്കവേ നടന്‍ അലന്‍സിയര്‍ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ അലന്‍സിയറെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. അലന്‍സിയറിന്റെ ധീരതയ്ക്ക് അവാര്‍ഡ് നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ വ്യക്തമാക്കി.
ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
അലന്‍സിയറിന് ധീരതയ്ക്കുള്ള അവാര്‍ഡ് നല്‍കും. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശില്‍പ്പമാണ് നല്‍കുന്നത്. ഏറ്റവും അടുത്ത ദിവസം തന്നെ അവാര്‍ഡ് സമ്മാനിക്കുമെന്നും പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ വ്യക്തമാക്കി.
‘ആണത്തമുള്ള പുരുഷന്റെ, അത്യാവശ്യം വസ്ത്രം ധരിച്ച വ്യക്തിയുടെ പ്രതിമയാണ് അദ്ദേഹത്തിന് നല്‍കുക. അലന്‍സിയറുടെ കുടുംബവും ചടങ്ങില്‍ പങ്കെടുക്കും. ക്യാഷ് അവാര്‍ഡ് നല്‍കുന്നതിനെ പറ്റിയും ചിന്തിക്കുന്നുണ്ട്’.
ഫെമിനിസ്റ്റുകളൊഴികയുള്ള സ്ത്രീകളും ചില പുരുഷന്‍മാരും അലന്‍സിയറെ പിന്തുണയ്ക്കുന്നുണ്ടെന്നും അവാര്‍ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസം തന്നെ വാര്‍ത്താ സമ്മേളനം നടത്തി പങ്കുവക്കുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.
‘സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ തുക കുറഞ്ഞുപോയതിനെ പറ്റിയും അലന്‍സിയര്‍ പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം ആ പണം മുഴുവന്‍ നല്‍കിയത് ആതുര സേവനത്തിന് വേണ്ടിയാണ്.
അതുകൊണ്ടാണ് അദ്ദേഹം ആ പണം കുറഞ്ഞു പോയതിനെ പറ്റി പറഞ്ഞത്. ആതുര സേവനം നല്‍കുന്നവര്‍ക്കായാണ് അലന്‍സിയര്‍ സഹായം നല്‍കുന്നത്. ഞങ്ങളുടെ ഒരു പങ്കും അതിന് ഉണ്ടാകട്ടേ എന്നാണ് ചിന്ത’ എന്നും അജിത് കുമാര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ വ്യക്തമാക്കി.