താന്‍ ഹോളിവുഡില്‍ മാത്രം നില്‍ക്കാന്‍ പോകുന്നില്ല, കഴിയുമെങ്കില്‍ ഒരു ജാപ്പനീസ് ചിത്രം ചെയ്യുമെന്ന് ആലിയ ഭട്ട്, താരത്തിന്റെ കോണ്‍ഫിഡന്‍സിന് കൈയ്യടിച്ച് സിനിമ പ്രേമികള്‍

വളരെ ചെറിയ സമയം കൊണ്ട് ബോളിവുഡിലെ ഏറ്റവും ജനപ്രിയയായ താരമായി കഴിഞ്ഞു ആലിയ ഭട്ട്. മികച്ച ചിത്രങ്ങളിലൂടെ ബോളിവുഡ് ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ആലിയ എസ്എസ് രാജമൗലിയുടെ ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ തന്റെ ആദ്യ ഹോളിവുഡ് അരങ്ങേറ്റത്തിലാണ് ആലിയ ഭട്ട്. ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. പ്രിയങ്ക ചോപ്രയ്ക്കും ദീപിക പദുക്കോണിനും ശേഷം ഹോളിവുഡില്‍ എത്തുന്ന ഇന്ത്യന്‍ നടി കൂടിയാണ് ആലിയ ഭട്ട്.

ഇപ്പോഴിത ഹാര്‍ട്ട് ഓഫ് സ്റ്റോണിന് ശേഷം ഒരു ജാപ്പനീസ് സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നതായി പറയുകയാണ് ആലിയ. ഫ്രെഞ്ച് ഇന്റര്‍നാഷണല്‍ മാഗസിനായ മാരി ക്ലെയറുമായി അടുത്തിടെ നടത്തിയ ഒരു സംഭാഷണത്തിലാണ് താരം തന്റെ ആഗ്രഹം പറഞ്ഞത്.

തന്റെ കഴിവുകള്‍ വികസിപ്പിക്കാനും നിരവധി മേഖലകള്‍ പര്യവേക്ഷണം ചെയ്യാനും താന്‍ നിരന്തരം ശ്രമിക്കുന്നു.താന്‍ ഹോളിവുഡില്‍ മാത്രം നില്‍ക്കാന്‍ പോകുന്നില്ലെന്നും കഴിയുമെങ്കില്‍ ഒരു ജാപ്പനീസ് ചിത്രവും ചെയ്യുമെന്നും നടി പറഞ്ഞു.

ഞാന്‍ കഴിയുന്നത്ര മേഖലകള്‍ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനര്‍ത്ഥം എന്റെ ലിസ്റ്റില്‍ നിന്ന് ഹോളിവുഡിനെ ഒഴിവാക്കുക എന്നല്ല. ഏതെങ്കിലും പഴയ ഹോളിവുഡ് സിനിമ ചെയ്യുകയോ അല്ലെങ്കില്‍ എവിടെ നിന്നും വരുന്ന ഏതെങ്കിലും പടം ചെയ്യുകയോ അല്ല.

എന്നെത്തന്നെ നിരന്തരം വെല്ലുവിളിക്കുകയും വെല്ലുവിളി നിറഞ്ഞതും അസുഖകരമായ റോളുകളില്‍ എന്നെത്തന്നെ ഉള്‍പ്പെടുത്തുകയുമാണ് ഞാന്‍ ചെയ്യുന്നത്.

അതുകൊണ്ട് തന്നെ ഒരു പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് എല്ലായിപ്പോഴും അതിന് സഹായകരമാണ് എന്ന് ഞാന്‍ കരുതുന്നു. എനിക്ക് ജാപ്പനീസ് ഭാഷ പറയാന്‍ കഴിയുമെങ്കില്‍ ഉറപ്പായും ഞാന്‍ എന്റെ ആദ്യ ജാപ്പനീസ് ചിത്രം ചെയ്തിരുക്കും, ആലിയ വ്യക്തമാക്കി.