ആദ്യ രാത്രി തന്നെ കറങ്ങാന്‍ പോകും; വിവാഹത്തിന് ശേഷമുള്ള പ്ലാനുകളെക്കുറിച്ച് എലീന പടിക്കല്‍

നടിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹനിശ്ചയം സോഷ്യല്‍ മീഡിയ കൊട്ടിയാഘോഷിച്ച ഒന്നായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
കോഴിക്കോട് സ്വദേശിയായ രോഹിത് പി നായരാണ് എലീനയുടെ വരന്‍. ഇനി ഇവരുടെ വിവാഹത്തിന് നാളുകള്‍ മാത്രമേ ഉള്ളു. ഇപ്പോള്‍ വിവാഹം കഴിഞ്ഞുള്ള പ്ലാനുകളെക്കുറിച്ചാണ് എലീന പറയുന്നത്.

ആദ്യ രാത്രി തന്നെ ഞാന്‍ കറങ്ങാന്‍ പോകും. പിന്നെ എല്ലാ ദിവസവും രാത്രി കറങ്ങാന്‍ പോകുമെന്ന് എലീന പറയുന്നു. കൂട്ടുകാരുടെ കൂടെ ആറ് മണിക്ക് ശേഷം ഞാന്‍ വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങിയിട്ടില്ല. വൈകുന്നേരം ആറ് മണി വരെ കിടന്ന് ഉറങ്ങുക. എന്നിട്ട് പുറത്തിറങ്ങിയിട്ട് കൊഞ്ഞനം കുത്തുന്ന സെല്‍ഫി അമ്മയ്ക്ക് അയച്ച് കൊടുക്കണമെന്ന് ഞാന്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്.

കൂട്ടുകാരുടെ കൂടെ എവിടെ എങ്കിലും പോയാലും ആറ് മണിക്കുള്ളില്‍ തിരിച്ചെത്തണം. അഞ്ചര ആവുമ്പോഴെക്കും ഞാന്‍ ചുറ്റുവട്ടത്ത് എവിടെ എങ്കിലും എത്തും. എല്ലാ കാര്യങ്ങളും ഓരോന്നായി പറഞ്ഞേണ്ടെ ഇരിക്കണം. എന്ന് കരുതി ഫ്രീഡം ഇല്ലെന്ന് അല്ല. ഒരു പട്ടം പോലെയാണ്. പറത്തി വിടും. പക്ഷേ ഇടയ്ക്ക് പുറകില്‍ നിന്ന് വലിച്ചോണ്ട് ഇരിക്കും.

വിവാഹം കഴിഞ്ഞാലും താന്‍ സജീവമായിട്ടുണ്ടാവും. വിരുന്നിനൊക്കെ പോയി ലേശം കൂടി തടിവെച്ച് വണ്ണത്തില്‍ വരുമെന്നും എലീന തമാശയായി പറയുന്നു. വിവാഹത്തിന് എന്നെ ടിപ്പിക്കല്‍ ഹിന്ദു വധുവിനെ പോലെ കാണാം. അത് കഴിഞ്ഞിട്ടായിരിക്കും ക്രിസ്ത്യന്‍ വധു ആവുക. ഒരു വിവാഹമേ ഉണ്ടാവു താരം പറയുന്നു.