മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ലഖ്നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഒക്ടോബര്‍ പത്തിലേക്കാണ് മാറ്റിയത്.
കേസ് പരിഗണിക്കുന്ന ജഡ്ജി ഇന്നും അവധിയായതിനാലാണ് മാറ്റിയത്. അപേക്ഷ രണ്ടാഴ്ച മുമ്പ് പരിഗണിച്ചപ്പോഴും ഇതേ രീതിയില്‍ മാറ്റിയിരുന്നു. അതിനാല്‍ എത്രയും വേഗം ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട കാപ്പന്റെ അഭിഭാഷകന്, യു.എ.പി.എ കേസില്‍ സുപ്രിംകോടതി ഇതിനോടകം ജാമ്യം നല്‍കിയിട്ടുണ്ടെന്നും ജാമ്യനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അറിയിച്ചു.
യു.എ.പി.എ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. യു.പി സ്വദേശികള്‍ ജാമ്യക്കാരായി വേണമെന്ന വ്യവസ്ഥ മൂലം ഇ.ഡി കേസിലെ ജാമ്യ നടപടികള്‍ നീണ്ടുപോവുകയായിരുന്നു. ഹത്റാസില്‍ ദളിത് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമ പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ യു.പി പൊലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് യു.എ.പി.എ ചുമത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയും കേസെടുത്തത്.