സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടി; അഭിഭാഷകന്‍ അറസ്റ്റില്‍

സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകന്‍ അറസ്റ്റില്‍. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകന്‍ അരുണ്‍ നായരാണ് അറസ്റ്റിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെ കബളിപ്പിച്ച കേസിലാണ് അരുണ്‍ നായരെ അറസ്റ്റ് ചെയതത്.

കോടതി വാറന്റിനെ തുടര്‍ന്ന് ഇന്നലെ വഞ്ചിയൂര്‍ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ജൂലൈ 20ന് കേസില്‍ ശിക്ഷ വിധിച്ചിരുന്നു. തട്ടിയ തുകയും നഷ്ട പരിഹാരവും ചേര്‍ത്ത് ഒമ്പത് ലക്ഷം നല്‍കാനായിരുന്നു വിധി. എന്നാല്‍ വിധി പ്രകാരമുള്ള പണം പ്രതി നല്‍കിയില്ല. തുടര്‍ന്ന് പ്രതിക്ക് അറസ്റ്റ് വാറന്റ് അയക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പ്രതിയെ കോടതിയില്‍ ഹാജരാക്കി. അടുത്ത മാസം ആറിനകം തുക നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇല്ലെങ്കില്‍ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയില്‍ കോടതി ജാമ്യത്തില്‍ വിട്ടു.