തെരുവുനായ് വിഷയത്തില്‍ പ്രതിരിച്ച് നടി മൃദുല മുരളി. നായ്ക്കളെ കൊല്ലുകയല്ല വേണ്ടതെന്നും പകരം അവയ്ക്ക് അഭയകേന്ദ്രമൊരുക്കുകയാണ് ചെയ്യേണ്ടതെന്നും മൃദുല മുരളി പറഞ്ഞു. സംസ്ഥാന വ്യാപകമായി തെരുവ് നായ ശല്യം രൂക്ഷമാകുകയും സര്‍ക്കാര്‍ നിലപാട് കടുപ്പിക്കാനൊരുങ്ങുകയും ചെയ്യുമ്പോഴാണ് നടിയുടെ പ്രതികരണം.
ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് മറ്റുള്ളവരെ കൊല്ലുന്ന മനുഷ്യരില്ലേയെന്നും അതിന് എന്താണ് പരിഹാരമെന്നും മൃദുല ചോദിക്കുന്നു. നമുക്ക് മനുഷ്യവംശത്തെ മുഴുവന്‍ കൊല്ലാം. ഇത് നടക്കുന്നതാണോ? മൃഗങ്ങളെ കൊല്ലുന്നതിന് പകരം അവയെ അഭയകേന്ദ്രങ്ങളിലാക്കാമെന്നും മൃദുല പറഞ്ഞു. സ്റ്റോപ് കില്ലിങ് സ്ട്രീറ്റ് ഡോഗ്സ് എന്ന ഹാഷ്ടാഗും അവര്‍ പങ്കുവച്ചു.
തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പേ പിടിച്ചതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. തെരുവുനായ് ഭീതി ഒഴിവാക്കാന്‍ സെപ്തംബര്‍ 20 മുതല്‍ ഒക്ടോബര്‍ 20 വരെ ഊര്‍ജ്ജിത വാക്സിനേഷന് ഡ്രൈവും നടത്തും. ഇതിനായി പ്രത്യേക വാഹനം വാടകയ്ക്ക് എടുക്കുമെന്ന് തദ്ദേശ വകുപ്പു മന്ത്രി എംബി രാജേഷ് പറഞ്ഞിരുന്നു.
തിങ്കളാഴ്ച മാത്രം ഇരുപതോളം പേര്‍ക്കാണ് തെരുവുനായ്ക്കളുടെ കടിയേറ്റത്. വിഷയത്തില്‍ കേരളം നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയച്ചു. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഡോ. വി.ജി സൊമാനിയുടെ നേതൃത്വത്തിലാണ് സംഘം. പേ വിഷ ബാധയില്‍ വാക്സിന് നല്‍കിയിട്ടും മരണം സംഭവിച്ചതില്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.