വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്; ദുര്‍ഗ കൃഷ്ണ

നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികരിച്ച് നടി ദുര്‍ഗ കൃഷ്ണ. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണെന്നും അത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും ദുര്‍ഗാ കൃഷ്ണ പറഞ്ഞു. ഉടല്‍ സിനിമയുടെ വാര്‍ത്താസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം.

വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നുപറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു.


സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് യുവതിയെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ലൈംഗികമായി ചൂഷണം ചെയ്തത്. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടക്കുകയായിരുന്നു വിജയ് ബാബു.

അതേസമയം, ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല. നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണര്‍ സി.എച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.