ഒന്നോ രണ്ടോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവസംസ്‌കാരം; വൈറലായി നടന്‍ ആദിത്യന്റെ പ്രതികരണം

ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവമായിരുന്ന നടനാണ് ആദിത്യന്‍. അനശ്വര നടന്‍ ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകന്‍ കൂടിയാണ് ആദിത്യന്‍. നടി അമ്പിളി ദേവിയുമായുള്ള ആദിത്യന്റെ വിവാഹം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ആദിത്യന്‍ പലതവണയായി രംഗത്തെത്തിയിരുന്നു.

നടി ജീജ സുരേന്ദ്രന് തന്റെ കുടുംബ ജീവിതത്തില്‍ അനാവശ്യമായി ഇടപെടുന്ന ആരോപിച്ച് ആദിത്യന്‍ പങ്കുവച്ച കുറിപ്പും വാര്‍ത്താ പ്രാധാന്യം നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടന്‍ സമൂഹവിഷയങ്ങളിലും തന്റേതായ നിലപാട് അറിയിക്കാറുണ്ട്. ഇപ്പോള്‍ ദൃശ്യ2 നെക്കുറിച്ച് ആദിത്യന്‍ പറയുന്ന വാക്കുകളാണ് വൈറലാവുന്നത്.

ചിത്രം ദൃശ്യത്തിന്റെ പുതിയ ഭാഗത്തില്‍ തൊണ്ണൂറ് ശതമാനം കഥാപാത്രങ്ങളും ക്രിസ്ത്യാനികളാണെന്നും ഹിന്ദുക്കളുടെ സംസ്‌കാരത്തെ നശിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് ട്വീറ്റ് വൈറല്‍ ആയതിന് പിന്നാലെ വാര്‍ത്തയും വന്നിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ ആദിത്യത്തനും പ്രതികരണം നടത്തിയത്.

ആദിത്യന്റെ വാക്കുകള്‍ ഇങ്ങനെ!

‘കഷ്ടം ഇതിലൊക്കെ ജാതിയോ? നല്ല ഒരു സിനിമ നശിപ്പിക്കാനുള്ള ഉദ്ദേശം. എന്ത് നെഗറ്റീവ് ചിന്തകളാണ് ഇത്. സിദ്ദിഖ്, ആശാ ശരത്, മുരളി ഗിഗോപി, അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ ഉണ്ട് ഈ സിനിമയില്‍. ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ എന്താ ചെയ്‌തെ ഈ സിനിമ’

‘ഒരു ക്രിസ്താനി സിനിമ എടുത്താല്‍ അല്ലേല്‍ ഒന്നോ രണ്ടോ ക്രിസ്ത്യന്‍ കഥാപാത്രങ്ങള്‍ വന്നാല്‍ തീരുന്നതാണോ ഹൈന്ദവസംസ്‌കാരം, അങ്ങനെ എങ്കില്‍ മോഹന്‍ലാല്‍ മീനയ്ക്ക് പകരം ടോവിനോ അഭിനയിച്ചാല്‍ പോരെ, ഇതില്‍ അഭിനയിച്ച 95 ശതമാനം ആര്‍ട്ടിസ്റ്റും ഹിന്ദുക്കളാണ് കഷ്ടമാണ്’, എന്നായിരുന്നു ആദിത്യന്‍ ജയന്റെ പ്രതികരണം.

ജീത്തു ജോസഫ് സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രം വന്‍ വിയജം ആയിരുന്നു. ആദ്യ ഭാഗം പോലെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്.