ലുലു ഗ്രൂപ്പിന്റെ 20% ഓഹരി അബുദാബി രാജകുടുംബത്തിലേക്ക്

മലയാളി വ്യവസായി എം എ യൂസഫ് അലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരി അബുദാബി രാജകുടുംബം ഏറ്റെടുത്തു. ലുലു ഗ്രൂപ്പിൽ അവർ ഒരു ബില്യൺ ഡോളറിന്റെ (ഏകദേശം 7600 കോടി രൂപ) നിക്ഷേപമാണ് നടത്തിയത് . അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഗൾഫിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദിന്റെ മകനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡറുമായ ഷെയ്ഖ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരൻ തഹ് നുൻ ബിൻ സായിദ് അൽ നഹ്യാന്റെ ഉടമസ്ഥതയിലുള്ള റോയൽ ഗ്രൂപ്പ് ആണ് ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖലയിൽ നിക്ഷേപം നടത്തിയത്. അബുദാബിയിലെ ഒരു പ്രമുഖ നിക്ഷേപ കമ്പനിയാണ് റോയൽ ഗ്രൂപ്പ്. യുഎഇയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാൻ കൂടിയാണ് ഷെയ്ഖ് തഹ് നുൻ.

ലുലുവിന്റെ ദൈനംദിന കാര്യങ്ങളിൽ റോയൽ ഗ്രൂപ്പ് ഇടപെടില്ലന്നാണ് റിപ്പോർട്ട് . ഈ ഓഹരി കൈമാറ്റ വാർത്തയെക്കുറിച്ച് ലുലു ഗ്രൂപ്പിന്റെയോ റോയൽ ഗ്രൂപ്പിന്റെയോ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല. യുഎഇയും ഇന്ത്യയും ഉൾപ്പെടെ 22 രാജ്യങ്ങളിലായി ലുലു ഗ്രൂപ്പിന് 188 റീട്ടെയിൽ സ്റ്റോറുകലാണുള്ളത്. രണ്ട് വർഷത്തിനുള്ളിൽ ഇത് 250 സ്റ്റോറുകളിലേക്ക് വളർത്താനാണ് യൂസഫ് അലിയുടെ ശ്രമം. കഴിഞ്ഞ വർഷം ലുലുവിന്റെ മൊത്തം വിൽപ്പന മൂല്യം 7.4 ബില്യൺ ഡോളറിലെത്തിയിരുന്നു.