കൊച്ചി: മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത. ജോഷിയുടെ മകന് അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമായിരുന്നു ചിത്രം.
കുറുപ്പിന് ശേഷമെത്തുന്ന ദുല്‍ഖറിന്റെ മലയാളം തിയറ്റര്‍ റിലീസ് എന്നതും കിംഗ് ഓഫ് കൊത്തയ്ക്ക് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു.ഓണം റിലീസ് ആയി ഓഗസ്റ്റ് 24 നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.
എന്നാല്‍ റിലീസ് ദിനത്തില്‍ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. സോഷ്യൽ മീഡിയയിൽ വിമർശനവും ഉയർന്നിരുന്നു.
ചിത്രത്തിനെ കീറി മുറിച്ചുള്ള വിമർശനം ഉയർന്നിരുന്നു. അത്തരത്തിൽ സിനിമയിലെ ദുൽഖറിന്റെ സിഗരറ്റ് വലി വരെ വിമർശിക്കപ്പെട്ടിരുന്നു.
ദുല്‍ഖര്‍ ചിത്രത്തില്‍ സിഗിരറ്റ് വലിക്കുന്നത് ലോലിപോപ്പ് തിന്നും പോലെയാണോ എന്നാണ് ആ റിവ്യൂവില്‍ പറഞ്ഞിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതിന് പിന്നാലെ ഇതിനെതിരെ പരോക്ഷമായി മറുപടി പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന് അഭിലാഷ് ജോഷി.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ചിത്രത്തില്‍ കമല്ഹാസന് സിഗിരറ്റ് വലിക്കുന്ന രംഗവും, ലോകേഷിന്റെ തന്നെ ഇറങ്ങിനിരിക്കുന്ന ലിയോവില്‍ അര്ജുന് സിഗിരറ്റ് വലിക്കുന്ന രംഗവും ഇന്‍സ്റ്റ സ്റ്റോറിയാക്കി അതില്‍ ‘ലോലിപോപ്പ്?’ എന്നാണ് അഭിലാഷ് ജോഷി എഴുതിയിരിക്കുന്നത്.
എന്നാല്‍ ഈ പോസ്റ്റ് സിനിമ ഗ്രൂപ്പുകളില്‍ അടക്കം ചര്‍ച്ചയാകുന്നുണ്ട്. അഭിലാഷ് ജോഷിയെ പരിഹസിച്ച് കൊണ്ടാണ് പല പോസ്റ്റുകളും.
ഒരുമാതിരി കുഞ്ഞിപ്പുള്ളേരുടെ സ്വഭാവം ആയിപ്പോയല്ലോ എന്നാണ് വിമർശനം. ഒരു പാൻ ഇന്ത്യൻ സിനിമ ചെയ്ത ആൾക്ക് ഒരു ചെറിയ വിമർശനം പോലും താങ്ങാൻ കഴിയില്ലേ എന്നാണ് ഇവർ ചോദിക്കുന്നത്.
അതേ സമയം നെഗറ്റീവ് പബ്ലിസിറ്റി നേടിയെങ്കിലും കിംഗ് ഓഫ് കൊത്ത മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടിയിരുന്നു. ആദ്യ വാരം ചിത്രം കേരളത്തില്‍ നിന്ന് നേടിയത് 14.5 കോടിയിലേറെയാണെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അങ്ങനെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 36 കോടിയിലേറെ ഗ്രോസ് ആണ് ആദ്യ വാരം കിംഗ് ഓഫ് കൊത്ത നേടിയിരുന്നത്.
അതേസമയം ചിത്രത്തിന്റെ ഒടിടി റിലീസ് സെപ്റ്റംബര്‍ 22 ന് നടക്കുമെന്ന് ഇന്ത്യ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഒടിടി റിലീസ് പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരിക്കുമെന്നും ഇന്ത്യ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.