ഒന്‍പതു വയസുകാരനെ കടിച്ചു കീറിയ കരടിയെ വെടിവച്ച് കൊന്ന് ബന്ധു. അലാസ്കയിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച പാമര്‍ ഹേ ഫ്ളാറ്റില്‍ നടന്ന ആക്രമണത്തില്‍ കുട്ടിക്ക് ഗുരുതരമായ പരുക്കേറ്റു. സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനും ചെറിയ മുറിവുകളുണ്ട്.
വേട്ടയാടലിന് ഇറങ്ങിയതായിരുന്നു രണ്ട് പേരും. ഇതിനിടെയാണ് കരടിയുടെ ആക്രമണം നടന്നത്. കുട്ടിയെ കരടി കടിച്ചു കീറുന്നതു കണ്ട് ബന്ധു ആദ്യമൊന്ന് പകച്ചു. കുട്ടിയെ രക്ഷിക്കാന്‍ ഇയാള്‍ ശ്രമം നടത്തിയെങ്കിലും കരടി ഇയാളെയും ആക്രമിച്ചു. തുടര്‍ന്നാണ് ബന്ധു കരടിക്ക് നേരെ വെടിയുതിര്‍ത്തത്. ഇരുവരും സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്
കരടിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താനും മൃതദേഹം പരിശോധിക്കാനും അലാസ്കന്‍ സൈനികരും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം സ്റ്റാഫും ബുധനാഴ്ച സംഭവസ്ഥലത്തേക്ക് എത്തി. കുട്ടിയെ ആക്രമിക്കാന്‍ കരടിയെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു എന്ന് അലാസ്ക ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിഷ് ആന്‍ഡ് ഗെയിം റീജിയണല്‍ മാനേജ്മെന്റ് കോര്‍ഡിനേറ്റര്‍ ടോഡ് റിനല്ഡി ആങ്കറേജ്, ഡെയ്ലി ന്യൂസിനോട് പറഞ്ഞു.