കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു; സംസ്ഥാന കമ്മിറ്റി ഓഫിസ് അടക്കം 42 കേന്ദ്രങ്ങള്‍ പൂട്ടി

കര്‍ണാടകയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫിസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സീല്‍ ചെയ്ത ഓഫീസുകള്‍ക്ക് പുറത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.

പോപ്പുലര്‍ ഫ്രണ്ടിന്റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടിലൂടെ നടന്ന ഇടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേനന്ദ്ര അറിയിച്ചു. അതേസമയം, കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകള്‍ സീല്‍ ചെയ്യുന്നതിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപോക്ക് സമീപനം സ്വീകരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ നിയമപരമാവണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണെന്നും നിയമപരമായാണ് പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പി.എഫ്.ഐ നിരോധനം സംബന്ധിച്ച അഭിപ്രായത്തില്‍ ആശയക്കുഴപ്പമില്ലെന്ന് ലീഗ് വ്യക്തമാക്കി. പി.എഫ്.ഐ ആശയങ്ങളെ എല്ലാ കാലത്തും ലീഗ് എതിര്‍ത്തു. പി.എഫ്.ഐ നിരോധനത്തില്‍ ലീഗിന് സംശയമുണ്ട്. ഇതിലും തീവ്ര നിലപാട് ഉള്ള സംഘടനകള്‍ ഉണ്ട്. അവരെ തൊടാതെ പി.എഫ്.ഐക്ക് എതിരെ മാത്രം നടപടി എടുത്തത് ഏകപക്ഷീയമാണെന്നും ലീഗ് ആരോപിച്ചു.