ബ്യൂണസ് ഐറീസ്: വിരമിക്കല്‍ പ്രഖ്യാപിച്ച് അര്‍ജന്റീന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ. കോപ്പ അമേരിക്കയോടെ അന്താരാഷ്ട്ര ഫുട്ബോളിനോട് വിട പറയുമെന്ന് ആണ് എയ്ഞ്ചല്‍ ഡി മരിയ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം.
എല്ലാ പിന്തുണയ്ക്കും ആരാധകര്‍ക്കും കുടുംബത്തിനും സഹതാരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായി മരിയയുടെ ദീര്‍ഘമായ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നു. അടുത്ത വര്‍ഷം അമേരിക്കയില്‍ വച്ചാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റ് നടക്കുന്നത്.
View this post on Instagram
അതേസമയം ഖത്തര്‍ ലോകകപ്പിന് ശേഷം വിരമിക്കുമെന്ന് നേരത്തെ ഡി മരിയ അറിയിച്ചിരുന്നു. എന്നാല്‍ കപ്പ് വിജയിച്ചതോടെ കുറച്ച് കാലം കൂടി കളിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന നേടിയത് ബ്രസീലിനെതിരായ ഡി മരിയയുടെ ഒറ്റ ഗോളിലായിരുന്നു.
2008ല്‍ അര്‍ജന്റീന കുപ്പായത്തില്‍ അരങ്ങേറ്റം കുറിച്ച ഡി മരിയ ടീമിനായി ആകെ 134 മത്സരങ്ങള്‍ കളിച്ചു. 29 ഗോളുകള്‍ നേടി. നാല് ലോകകപ്പുകളില്‍ കളിക്കാന്‍ ഡി മരിയക്കായി.
ക്ലബ് കരിയറില്‍ റയല്‍ മാഡ്രിഡ്, പിഎസ്ജി, യുവന്റസ്, മാഞ്ചസ്റ്റര്‍ തുടങ്ങിയ വമ്പന്മാര്ക്കായി കളിച്ചിട്ടുള്ള ഡി മരിയ ഇപ്പോള്‍ പോര്‍ച്ചുഗീസ് ചാമ്പ്യന്മാരായ ബെന്‍ഫിക്കയ്ക്കായാണ് ബൂട്ട് കെട്ടുന്നത്.